മകള്‍ സൗഭാഗ്യയുടെ വിവാഹത്തിനിടയിൽ പകർത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചതോടെയാണ് കടുത്ത പ്രതികരണവുമായി താരയെത്തുന്നത്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.
സൗഭാഗ്യയുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഉപയോഗിച്ചായിരുന്നു ദുഷ്പ്രചരണം. ഇതിനെതിരെ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. വിവാഹ വേളയിലെ മനോഹരമായ നിമിഷത്തിലും അശ്ലീലം കാണുന്നവനെ എന്ത് വിളിക്കണം എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
‘വിവാഹത്തിനിടയിലെ ഏതോ ഒരു അവസരത്തിലെ ഫൊട്ടോ എടുത്ത്, ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. പറ്റുമെങ്കിൽ ഈശ്വരൻ നിന്നോട് പൊറുക്കട്ടേ. നിന്നെ പ്രസവിച്ച നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. ഒരുപാട് നല്ലകാര്യങ്ങളുണ്ട് പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും.’– വികാര നിർഭരമായി താര പറയുന്നു.
വിവാഹ വേളയിലെ മനോഹരമായൊരു നിമിഷത്തെ ദുഷിപ്പോടെ പ്രചരിപ്പിച്ചവർ മാപ്പർഹിക്കുന്നില്ലെന്നും അത്തരക്കാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു. താര കല്യാണിന്റെ പ്രതികരണത്തിന് ഐക്യദാർഢ്യം അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലും രംഗത്തെത്തിയിട്ടുള്ളത്.
0 Comments
Please dont enter any spam link in comment box.