ഘനലോഹങ്ങളും രാസവസ്തുക്കളും ചേർത്ത് രക്താതിസമ്മർദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ഗുളികകൾ, ചർമ രോഗങ്ങൾ, മുറിവ് എന്നിവയ്ക്കുള്ള ഓയിന്റ്മെന്റ്;സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് അന്വേഷണം തുടങ്ങി


സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങിയ പദങ്ങൾ ആയുർവേദത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥത്തിലും ഇല്ലെന്നിരിക്കെ കമ്പനികൾ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നതിന് ഇത് ഉപയോഗിക്കുകയാണെന്നും പലതും ദോഷകരമായ രാസവസ്തുക്കൾ ഉൾക്കൊള്ളുന്നതാണെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നു

മിഥുൻ പുല്ലുവഴി

കൊച്ചി: ഘനലോഹങ്ങളും രാസവസ്തുക്കളും ചേർത്ത്ആയുർവേദ മരുന്നു വിൽപ്പന വ്യാപകം. ഡയറക്ട് മാർക്കറ്റിംഗ്, ഓൺലൈൻ എന്നിവ വഴി ഇതര സംസ്ഥാന ആയുർവേദ മരുന്നുകളുടെ വിൽപനയും കൊള്ളലാഭമുണ്ടാക്കലും വ്യാപകമായതോടെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് അന്വേഷണം തുടങ്ങി. രക്താതിസമ്മർദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ഗുളികകൾ, ചർമ രോഗങ്ങൾ, മുറിവ് എന്നിവയ്ക്കുള്ള ഓയിന്റ്മെന്റ് തുടങ്ങിയവ വൻകിട കമ്പനികൾ ഇറക്കുന്നുണ്ട്. ഒട്ടേറെ ആവശ്യക്കാരുള്ള ഈ മരുന്നുകളാണു വ്യാജമായി നിർമിച്ചു വിതരണം ചെയ്യുന്നത്. വലിയ കമ്പനികൾക്കെല്ലാം കേരളത്തിൽ സംഭരണ–വിതരണ കേന്ദ്രങ്ങളുണ്ട്. എന്നാൽ ഇവർ വിൽക്കുന്ന മരുന്നുകൾ നാഗർകോവിൽ, കോയമ്പത്തൂർ, ചെന്നൈ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്നുണ്ട്. കേരളത്തിലെ സംഭരണകേന്ദ്രങ്ങളിൽ നിന്നു മരുന്നുകൾ വേണ്ടത്ര അളവിൽ ലഭിക്കുമെന്നിരിക്കെ പുറത്തുനിന്നു വരുത്തുന്നതാണു സംശയം ശക്തമാക്കിയത്.

വൻകിട കമ്പനികളും മറ്റ് ഏജൻസികളും വ്യാജ മരുന്ന് ഇവിടെ എത്തുന്നുവെന്നു സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിൽ നിന്നും അടുത്തിടെ വ്യാജ മരുന്നുകൾ കണ്ടെടുത്തിരുന്നു. യഥാർഥ മരുന്നിന്റേതുപോലുള്ള പായ്ക്കറ്റലിലാണു വ്യാജൻ എത്തുന്നത്. എന്നാൽ ഗുണമേന്മ ഉണ്ടായിരിക്കില്ല. മരുന്ന് എത്തിയ സംസ്ഥാനങ്ങളിൽ ഇതേക്കുറിച്ച് അന്വേഷിച്ചാണു വ്യാജനാണെന്നു സ്ഥിരീകരിച്ചത്.

കേരള വിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരമാണു പരിശോധിക്കുക. പരസ്യങ്ങളിലൂടെ വൻവാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ വഞ്ചിക്കുന്ന ചില സൗന്ദര്യവർധക ഉൽപന്നങ്ങളും പരിശോധനയ്ക്കു വിധേയമാക്കും. കേരള വിപണിയിൽ വിൽക്കുന്ന എല്ലാ ആയുർവേദ – പ്രകൃതിദത്ത ഉൽപന്നങ്ങളുടെയും ഉള്ളടക്കവും നിർമാണവും സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ കമ്പനികളോടു ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചു.

സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങിയ പദങ്ങൾ ആയുർവേദത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥത്തിലും ഇല്ലെന്നിരിക്കെ കമ്പനികൾ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നതിന് ഇത് ഉപയോഗിക്കുകയാണെന്നും പലതും ദോഷകരമായ രാസവസ്തുക്കൾ ഉൾക്കൊള്ളുന്നതാണെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നു. സംസ്ഥാനത്തു പ്രതിവർഷം ആയുർവേദ ഉൽപന്നങ്ങളുടെ വിൽപനയിലൂടെ കമ്പനികൾക്കു മാത്രം 2000 കോടിയോളം രൂപ ലഭിക്കുന്നുണ്ട്.

Post a Comment

0 Comments